കണിച്ചാർ (കണ്ണൂർ): വൻ വികസനം ഉണ്ടാകുമെന്ന പ്രചാരണത്തോടെ കൊണ്ടുവരുന്ന മട്ടന്നൂർ അമ്പായത്തോട് നാല് വരി പാതയുടെ പരിസ്ഥിതി ആഘാത പഠന വിവരശേഖരണം കണിച്ചാറിൽ നാട്ടുകാർ ബഹിഷ്കരിച്ചു. കണിച്ചാർ ടൗൺ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വ്യാപാരികളും കെട്ടിട ഉടമകളും പ്രദേശവാസികളും ചേർന്നാണ് ബഹിഷ്കരിച്ചത്.
എന്നെന്നേക്കുമായി കണിച്ചാർ ടൗണിനെ ഇല്ലാതാക്കുന്ന രീതിയിലുള്ള റോഡ് നിർമാണത്തെ അംഗീകരിക്കാനാവില്ല എന്നും 210 - ഓളം കടമുറികൾ പ്രത്യക്ഷത്തിൽ നശിപ്പിക്കുകയും ടൗൺ മേഖലയിൽ മാത്രം 100-ഓളം കുടുംബങ്ങളെ പെരുവഴിയിൽ ആക്കുകയും ചെയ്യുന്ന അലൈൻമെൻ്റ്', സർക്കാരിന് 20 കോടിയിലധികം രൂപയുടെ അമിത ചെലവും വരുത്തുന്നതാണെന്ന് സമിതി ആരോപിച്ചു. വളവുകളും ദൈർഘ്യവും കൂടിയതും. ദൈർഘ്യം കൂടിയ അലൈൻമെന്റ് മാറ്റണമെന്നും കണിച്ചാർ ടൗൺ സംരക്ഷിച്ചുകൊണ്ട് റോഡ് നിർമിക്കണമെന്നും ടൗണിനോട് ചേർന്ന് പുറകുവശത്തുള്ള പഴയ അലൈൻമെന്റ് പുനസ്ഥാപിച്ച് നിർമ്മാണവും അനുബന്ധ പ്രവർത്തനങ്ങളും നടത്തണമെന്നും ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച നിവേദനം സ്ക്വാഡ് ലീഡറും കണിച്ചാർ ഗ്രാമപഞ്ചായത്ത് അംഗവുമായ സുരേഖ സജിക്ക് കൺവീനർ ഒ.എൻ രാജു കൈമാറി.
നാല് വരി പാതകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിർമിക്കാൻ പദ്ധതി ഉണ്ട് എങ്കിലും എല്ലായിടത്തും എതിർപ്പുകളും ഉയർന്നു തുടങ്ങിയിട്ടുണ്ട്. കണ്ണൂർ വിമാനതാവളവുമായി വയനാടിനെ ബന്ധിപ്പിക്കാൻ എന്ന വ്യാജേന മാനന്തവാടി കണ്ണൂർ വിമാനതാവളത്തിലേക്കുള്ള നാല് വരി പാതയെന്ന പേരിൽ അവതരിപ്പിച്ച റോഡ് പ്രധാനമായും കൊട്ടിയൂർ പഞ്ചായത്തിൻ്റെ പകുതി ഭാഗത്തും കേളകം കണിച്ചാർ പേരാവൂർ പഞ്ചായത്തുകളിലുമാണ് നിർമിക്കുക. മട്ടന്നൂരിന് തൊട്ടടുത്തുള്ള മാലൂർ പഞ്ചായത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് എത്താൻ നിരവധി മാർഗങ്ങൾ ഉണ്ട്. കൂടാതെ അമ്പായത്തോട് മുതൽ മാനന്തവാടി വരെയുള്ള ഭാഗം മലയോര ഹൈവേയുടെ ഭാഗമായി വെറും രണ്ട് വരി പാത മാത്രമായാണ് നിർമിക്കുന്നത്. ദുർഘടമായ കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം റോഡ് രണ്ട് വരി പാതയുടെ ഭാഗമായി നിർമിക്കുമെന്നാണ് പറയുന്നത് എങ്കിലും ചിലയിടകളിൽ ഉറപ്പാക്കാൻ കഴിയുന്ന വീതി 4 മീറ്റർ വരെ മാത്രമാണ്. ചുരത്തിൽ വീതി കൂട്ടിക്കിട്ടാൻ വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. പക്ഷെ ഇപ്പോൾ ചുരത്തിൽ 3.8 മീറ്റർ മാത്രം വീതിയുള്ള ഭാഗങ്ങളുമുണ്ട്. വലിയ വാഹനങ്ങൾ കടന്നു പോകണമെങ്കിൽ സൗകര്യമൊരുക്കണമെങ്കിൽ പോലും കുറഞ്ഞ ദൂരത്തിന് വൻ തുക മുടക്കേണ്ടി വരും. ഫലത്തിൽ പൂർണമായി 4 പഞ്ചായത്തിലും ഭാഗികമായി ഒരു പഞ്ചായത്തിലും നാല് വരി പാത ഒതുങ്ങും.
Locals have boycotted the social impact study of Ambayathod-Mattannur 4 lane road.